ഗാന്ധിജിയുടെ നൂറ്റിയമ്പതാം പിറന്നാളിന് പട്ടത്താനം ഗവ. എസ്.എന്‍. ഡി. പി യു പി സ്കൂളിന്റെ സമ്മാനം - ഗാന്ധിസ്മൃതി

Friday 31 October 2014

യുറീക്ക പഠനോത്സവജാഥയ്ക്ക് പട്ടത്താനം ഗവ. എസ്. എന്‍.ഡി.പി.യു.പിഎസ്സില്‍ സ്വീകരണം


കേരള ശാസ്ത്രസാഹിത്യപരിഷത്ത് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചങ്ങന്‍കുളങ്ങര എസ്.ആര്‍.വി.യു.പി.എസ്., കലയ്ക്കോട് ജി.യു.പി.എസ്. എന്നീ സ്കൂളുകളിലെ കുട്ടികള്‍ പങ്കെടുത്ത ജാഥകള്‍ പട്ടത്താനം ഗവ.എസ്.എന്‍.ഡി.പി.യു.പി.എസില്‍ സംഗമിച്ച് സമാപിച്ചു.വാചികമായ അറിവല്ല മറിച്ച്,ധാരണയും പ്രക്രിയയും ഉള്‍പ്പെട്ട ശാസ്ത്രീയമായ അറിവാണ് പഠിതാവിന് ലഭിക്കേണ്ടത് എന്ന ചിന്ത ഉണര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പഠനോത്സവജാഥ സംഘടിപ്പിച്ചത്. പഠനപ്രക്രിയ രസകരവും ജീവിതബന്ധമുള്ളതും ആക്കുക,ശാസ്ത്രബോധവും യുക്തിചിന്തയും വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളിലെത്താന്‍ സഹായകമായ പാട്ടുകളും,ശാസ്ത്രനാടകങ്ങളും, പാവനാടകവും സംഗീതശില്പവും ജാഥാംഗങ്ങള്‍ അവതരിപ്പിച്ചു.കുട്ടികള്‍ ഓരോ അവതരണത്തേയും കൈയടികളോടെയാണ് സ്വീകരിച്ചത്. അഞ്ചാം തരത്തിലെ മലയാളപാഠാവലിയിലെ കോയസ്സന്‍ എന്ന പാഠഭാഗത്തെ ആസ്പദമാക്കിയുള്ള എന്ന പാവനാടകവും ഏഴാം തരത്തിലെ ശാസ്ത്രപുസ്തകത്തിലെ ജലത്തെക്കുറിച്ചുള്ള പാഠഭാഗത്തെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രനാടകവും ശാസ്ത്രീയമായ പഠന-ബോധനരീതികള്‍ പ്രായോഗികമാണെന്ന തിരിച്ചറിവ് അദ്ധ്യാപകരിലും രക്ഷിതാക്കളിലും വിദ്യാര്‍ത്ഥികളിലും ഉണര്‍ത്തുവാന്‍ പര്യാപ്തമായിരുന്നു. കുട്ടികളുടെ പ്രതികരണത്തിനപ്പുറം അതിന് മറ്റൊരു തെളിവും ആവശ്യമായിരുന്നില്ല. മലയാളഭാഷയുടെ മഹത്വം വിളിച്ചോതുന്ന സംഗീതശില്പം മനോഹരമായിരുന്നു. തുടര്‍ന്ന് ചേര്‍ന്ന യോഗത്തില്‍ പട്ടത്താനം ഗവ.എസ്.എന്‍.ഡി.പി. യു.പി.എസ്. ഹെഡ്മാസ്റ്റര്‍ ആര്‍.രാധാകൃഷ്ണന്‍,പി.ടി..പ്രസിഡന്റ് വി.അനിലാല്‍,ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.പ്രസന്നകുമാര്‍,ഡയറ്റ് ലക്ചറര്‍ ശ്രീ.ആനയടി പ്രസാദ്,കലയ്ക്കോട് ജി.യു.പി.എസ്.ഹെഡ്മാസ്റ്റര്‍ പ്രദീപ് എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.പ്രസന്നകുമാര്‍ ജാഥാംഗങ്ങളായ മിടുക്കന്‍മാര്‍ക്കും മിടുക്കികള്‍ക്കും ഉപഹാരങ്ങള്‍ സമ്മാനിച്ചു
 

No comments:

Post a Comment